KINDS OF LEAVE
"LEAVE CANNOT BE CLAIMED AS A MATTER OF RIGHT" എന്നതാണ് ചട്ടം. ( KSR റൂൾ 65 ). അതായത് LEAVE ഒരു ജീവനക്കാരന്റെ അവകാശമല്ല. അത് സർക്കാരിന്റെ ഒരു ഔദാര്യമാണ്. അതുകൊണ്ടുതന്നെ LEAVE ലഭിച്ചില്ല എന്നതിനെതിരായി നിയമനടപടികൾ ഒന്നും നിലനിൽക്കില്ല. എന്നുവച്ച് ഏതെങ്കിലും ഒരു മേലധികാരിക്ക് തനിക്കിഷ്ടമല്ലാത്ത ഒരു ജീവനക്കാരന്റെ leave ചുമ്മാ അങ്ങ് തടയാനൊന്നും കഴിയില്ല. അതിനു ചില പ്രത്യേക സാഹചര്യങ്ങൾ നിലവിലുണ്ടാകണം. അത് ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമായിരിക്കുകയും വേണം.
പൊതുതാല്പര്യം പരിഗണിച്ച് അവധി അപേക്ഷ നിരാകരിക്കുന്നതിനോ അനുവദിച്ച അവധി റദ്ദാക്കുന്നതിനോ അവധി അനുവദിക്കുന്ന മേലധികാരിക്ക് അധികാരമുണ്ട്. എന്നാൽ ഇത് ഒരിക്കലും വ്യക്തിതാല്പര്യം മുൻനിർത്തി ആയിരിക്കരുത് എന്നർത്ഥം.
LEAVE അനുവദിക്കുന്ന അധികാരിക്ക് ചില വിവേചനാധികാരങ്ങൾ ഒക്കെയുണ്ട്. എന്നുവച്ച് LEAVE അനുവദിക്കുന്നതിൽ തന്റെ കീഴ്ജീവനക്കാർക്കിടയിൽ വിവേചനം കാണിക്കാം എന്നല്ല അതുകൊണ്ട് അർത്ഥമാക്കുന്നത്. ജീവനക്കാർക്ക് LEAVE അനുവദിക്കുമ്പോൾ സ്ഥാപനം സുഗമമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് മേലധികാരിയുടെ ചുമതലയാണ്. അതുകൊണ്ട് സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് ഭംഗം നേരിടും എന്ന് ഉത്തമവിശ്വാസമുള്ള അവസരങ്ങളിൽ ഒരു മേലധികാരിക്ക് തന്റെ കീഴ്ജീവനക്കാർക്ക് LEAVE നിഷേധിക്കാം. എന്നാൽ LEAVE നിഷേധിക്കുന്നതിനുള്ള കാരണം ജീവനക്കാരനെ രേഖാമൂലം ബോധ്യപ്പെടുത്തിയിരിക്കണം.
മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് എന്താണെന്നു വച്ചാൽ ഒരിക്കൽ ലീവിന് അപേക്ഷ കൊടുത്തു കഴിഞ്ഞാൽ പിന്നെ ആ ലീവിന്റെ തരം ( നേച്ചർ ഓഫ് ലീവ് ) വ്യത്യാസപ്പെടുത്താൻ ലീവ് അനുവദിക്കുന്ന അധികാരിക്ക് അവകാശമില്ല എന്നതാണ്. അതിനുള്ള അവകാശം അപേക്ഷകന് മാത്രമാണ്.
ജോയിൻ ചെയ്തതിനു അടുത്ത ദിവസം വേണമെങ്കിലും ഒരു അത്യാവശ്യം നേരിട്ടാൽ CASUAL LEAVE എടുക്കാം. ജോയിൻ ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ഒരു പബ്ലിക് ഹോളിഡേ വന്നാൽ അത് HOLIDAY ആയി എടുക്കാം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ഒരു പൊതു അവധിയാണെന്നും അന്ന് നിങ്ങൾ ജോലി ചെയ്തു എന്നുമിരിക്കട്ടെ. അതിന്റെ COMPENSATORY ഹോളിഡേ അതിനടുത്ത ദിവസം എടുക്കാം. മറ്റേതെങ്കിലും സർവീസിൽ നിന്നും റിലീവ് ചെയ്തു പുതിയ ജോലിയിൽ പ്രവേശിച്ചയാളോ അതല്ലെങ്കിൽ ട്രാൻസ്ഫർ അല്ലെങ്കിൽ പ്രൊമോഷൻ മുഖേന പുതിയ സ്ഥലത്ത് വന്നയാളോ ആണെങ്കിൽ അക്കൗണ്ടിൽ ഉള്ള ഏത് വിധത്തിലുള്ള ELIGIBLE ലീവും എടുക്കാം.
കടപ്പാട് : സുധീർ KH
സർവീസിലുള്ളവർക്കു അനുവദിച്ചിരിക്കുന്ന വിവിധതരം അവധികൾ താഴെ പറയുന്നു
CASUAL LEAVE (യാദൃശ്ചികാവധി ):
വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്. കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും ജനുവരിയിലോ ഫെബ്രുവരിയിലോ വിരമിക്കുന്നയാൾക്കും 20 കാഷ്വൽ ലീവും നൽകാൻ മേലധികാരിക്ക് അധികാരമുണ്ട്. അങ്ങനെ നൽകി എന്നതുകൊണ്ട് leave അനുവദിക്കുന്ന അധികാരിയുടെ മേലധികാരികൾക്കോ ഓഡിറ്റ് വിഭാഗത്തിനോ യാതൊരുവിധ ഒബ്ജെക്ഷനും ഉന്നയിക്കാൻ കഴിയില്ല. എന്നാൽ നൽകിയില്ല എന്ന് കരുതി ജീവനക്കാരന് പരാതിപ്പെടാനും ആവില്ല .
കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം. ചില മേലധികാരികൾ കാഷ്വൽ ലീവ് എടുക്കാൻ മുൻകൂട്ടി അപേക്ഷ നൽകണം എന്ന് ശഠിക്കാറുണ്ട്. അത് നിയമപരമല്ല. കാരണം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അവിചാരിതമായ ആവശ്യങ്ങൾക്കായി എടുക്കാനുള്ളതാണ് കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി. അത്തരം ആവശ്യങ്ങൾക്ക് തലേന്ന് അപേക്ഷ കൊടുത്ത് അവധി അനുവദിപ്പിക്കാൻ എങ്ങനെ കഴിയും ! എന്നാൽ അങ്ങനെ അത്യാവശ്യങ്ങൾക്കായി കാഷ്വൽ ലീവ് എടുക്കുമ്പോൾ ലീവ് എടുക്കുന്ന കാര്യം മേലധികാരിയെ ഫോണിലൂടെ അറിയിച്ചിരിക്കണം.
സർക്കാർ സർവീസിലെ നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം. ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല. ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്. ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം. സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല. ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം. എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും. എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.
കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം. എന്നാൽ കോംപൻസേറ്ററി ഹോളിഡേകൾ ആ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം ( 60 ദിവസമല്ല) കോംപൻസേറ്റ് ചെയ്തിരിക്കണം. ചില നഴ്സിംഗ് സൂപ്രണ്ടുമാർ CH 22 എണ്ണമേ എടുക്കാവൂ, ബാക്കി holidays ആയി തന്നെ എടുക്കണം എന്നൊക്കെ വാശിപിടിക്കുന്നത് കാണാറുണ്ട്. അതൊക്കെ വെറുതെ ഓരോരോ പിടിവാശികൾ എന്നല്ലാതെ അങ്ങനെയൊന്നും വ്യവസ്ഥയില്ല.
ആശുപത്രികളിൽ ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത
സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് അനുവദിക്കണം. എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്. ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് ലീവ് അപേക്ഷ എഴുതേണ്ടത്.
കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ എന്നും വ്യവസ്ഥയുണ്ട്. എന്നാൽ ELIGIBLE ലീവുകൾ കൂടുതൽ നാളേക്ക് വേണേലും എടുക്കാം.
മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും. പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന ( സ്ഥാപനമേലധികാരിക്ക് അനുവദിക്കാൻ കഴിയുന്ന ) ശൂന്യവേതനാവധി. ഇത് അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. അത് വളരെയധികം ബുദ്ധിമുട്ടുള്ളതും കാലവിളംബം ഉള്ളതുമായ ഒരു പ്രക്രിയ ആയതിനാൽ മുകളിൽ പറഞ്ഞ കാലയളവിൽ കൂടുതൽ ശൂന്യവേതനാവധി എടുക്കാതിരിക്കലാണ് അഭികാമ്യം. അഥവാ അത്യാവശ്യമാണെങ്കിൽ ലീവ് കഴിഞ്ഞു തിരിച്ച് ജോലിയിൽ പ്രവേശിച്ചശേഷം വീണ്ടും എടുക്കുക.
മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. LEAVE ON MEDICAL GROUNDS എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുമ്പോൾ സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്. കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും.
കടപ്പാട് : സുധീർ KH
EARNED LEAVE ( ആർജ്ജിതാവധി):
സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ഈ അവധി ലഭിക്കുന്നു.
രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുമ്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതുംകൂടി 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല. എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി EARNED ലീവുകൾ 180 ആണ്. സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളെ പാടുള്ളൂ.. എന്നാൽ വിരമിക്കുന്നതിനു മുന്നോടിയായി ലീവ് എടുക്കുമ്പോൾ ഇത് പരാമാവധി 300 വരെ ആകാം.
( EARNED LEAVE, HALF PAY LEAVE, COMMUTED ലീവ് എന്നിവ തുടങ്ങുന്നതിനു തൊട്ടുമുൻപോ ലീവ് കഴിഞ്ഞതിനു ശേഷം ഉടനെയോ പൊതു അവധി ദിനങ്ങളോ ഞായറാഴ്ചകളോ വന്നാൽ അവ ലീവിൽ പെടുത്താതെ അവധി ആയി തന്നെ എടുക്കാം. ഇങ്ങനെ ലീവിന് മുൻപ് വരുന്ന അവധിദിനങ്ങൾ എടുക്കുന്നതിനെ പ്രിഫിക്സ് ചെയ്യുക എന്നും ലീവിനുശേഷം വരുന്ന അവധികൾ എടുക്കുന്നതിനെ സഫിക്സ് ചെയ്യുക എന്നും പറയുന്നു )
ചില മേലധികാരികൾ സർവീസിൽ കയറി ഒരു വർഷം പൂർത്തിയായാൽ മാത്രമേ EARNED LEAVE അനുവദിക്കാൻ കഴിയൂ എന്നു വാശി പിടിക്കാറുണ്ട്. അത് തികച്ചും തെറ്റാണു. അതുപോലെ തന്നെ അക്കൗണ്ടിൽ ലീവ് ഉണ്ടെങ്കിൽ ഒരു വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും EARNED LEAVE എടുക്കാം. ഒരെണ്ണമോ രണ്ടെണ്ണമോ നാലെണ്ണമോ ഒക്കെ നിങ്ങളുടെ സൗകര്യാർത്ഥം എടുക്കാം.
ഒരു സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. ലീവ് അക്കൗണ്ടിൽ ആവശ്യത്തിന് EARNED LEAVE ഉണ്ടെങ്കിൽ മാർച്ച് മാസത്തിൽ ലീവ് സറണ്ടർ എടുത്തയാൾക്കു ഏപ്രിൽ മാസത്തിൽ വീണ്ടും സറണ്ടർ എടുക്കാം. റിട്ടയർ ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ EARNED LEAVE ബാക്കിയുണ്ടെങ്കിൽ 300 ഏൺഡ് ലീവുകൾ ഒന്നിച്ചും സറണ്ടർ ചെയ്യാം. TERMINAL SURRENDER എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ ശമ്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, HALF PAY LEAVE, COMMUTED LEAVE, EARNED LEAVE പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ തുടങ്ങിയവ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. അതായത് ഈ അവധിയിൽ ഉള്ള കാലത്ത് EARNED LEAVE ആർജ്ജിക്കാൻ കഴിയില്ല. പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും. അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്. ഒരു സമയം ലീവ് അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന EARNED ലീവുകളുടെ എണ്ണം 300 ആണ്. അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ ലീവ് എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു EARNED LEAVE ആർജ്ജിക്കാൻ കഴിയില്ല.
EARNED LEAVE ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അനുവദിച്ച മറ്റേതൊരു അവധിയും പിന്നീട് എപ്പോൾ വേണമെങ്കിലും മുൻകാലപ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച സമയത്ത് ജീവനക്കാരന് അർഹതയുണ്ടായിരുന്ന മറ്റൊരു അവധിയായി വേണമെങ്കിൽ TRANSFORM ചെയ്യാവുന്നതാണ്.
കടപ്പാട് : സുധീർ KH
HALF PAY LEAVE (അർധവേതനാവധി):
ഇത് വർഷത്തിൽ 20 ദിവസമാണ് ലഭിക്കുക . സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. ഒന്നര വർഷം ആയെന്നു കരുതി 30 കിട്ടില്ല. പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ ലീവ് കണക്കാക്കൂ എന്നർത്ഥം..
പ്രസവാവധി, ഉൾപ്പെടെയുള്ള എല്ലാ അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും. എന്നാൽ വിദേശത്ത് ജോലി ചെയ്യാനോ വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതനവധിക്കാലം ( LWA as per KSR APPENDIX 12 A, 12B, &12C ) HALF PAY LEAVE കണക്കാക്കുന്നതിന് പരിഗണിക്കില്ല. സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ HALF PAY LEAVE എടുക്കാൻ കഴിയൂ. ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന HALF PAY ലീവുകളുടെ എണ്ണം പരാമാവധി ഇത്ര എന്ന് നിയന്ത്രണം ഇല്ല. അതുകൊണ്ട് ക്രെഡിറ്റിൽ ബാക്കിയുള്ള ലീവ് എത്രവേണേലും തുടർച്ചയായി എടുക്കാം.
കടപ്പാട് : സുധീർ KH
III.COMMUTTED LEAVE :
രണ്ട് ഹാഫ് പേ ലീവുകൾ COMMUTE ചെയ്ത് ഒരു ഫുൾപേ ലീവ് ആക്കി എടുക്കുന്നതിനെയാണ് COMMUTED LEAVE എന്ന് പറയുന്നത്. ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്. കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശമ്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല. ലഭിക്കുന്ന ബേസിക് സാലറിയുടെ പകുതിയും മുഴുവൻ DA യും HALF PAY LEAVE എടുത്താൽ ലഭിക്കും എന്നതിനാൽ DA ശതമാനം കൂടി നിൽക്കുന്ന സമയത്ത് HALF PAY LEAVE കമ്മ്യുട്ട് ചെയ്യാതെ HALF PAY ആയിത്തന്നെ എടുക്കുന്നതാണ് ലീവ് ആവശ്യമുള്ളവർക്ക് ലാഭകരം എന്നത് ശ്രദ്ധിക്കുക. ( 2016 ലെ ശമ്പളപരിഷ്കരണത്തിനു മുൻപ് 18720 രൂപയിൽ താഴെ ബേസിക് പേ ഉണ്ടായിരുന്നവർക്കാണ് ഇങ്ങനെ മുഴുവൻ DA ലഭിക്കുന്നത്. പുതിയ പേ റിവിഷന് ശേഷം ഈ പരിധി ഉയർത്തേണ്ടതായിരുന്നു എങ്കിലും ഇതുവരെ ഉയർത്തി ഉത്തരവുകളൊന്നും ഇല്ല )
EARNED ലീവും COMMUTED ലീവും കൂടി ചേർത്തെടുക്കുമ്പോൾ ഒരുസമയം തുടർച്ചയായി എടുക്കാവുന്ന ലീവുകളുടെ എണ്ണം സഫിക്സും പ്രിഫിക്സും ഉൾപ്പെടെ 240 ആണ്.
കടപ്പാട് : സുധീർ KH
MATERNITY LEAVEപ്രസവാവധി:
180 ദിവസമാണ് പ്രസവാവധി. ആറുമാസമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. PSC വഴിയാണ് നിയമനം എങ്കിൽ സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ അവധി എടുക്കാം.
പ്രസവം നടന്നതിന് ശേഷം സർവീസിൽ വന്നവർ ആ വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെങ്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.
പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ ശൂന്യവേതനവധി എടുക്കാവുന്നതാണ്. ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാലോ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതനവധിപോലെ തന്നെ ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യകാലമായി പരിഗണിക്കുകയും ചെയ്യും. ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം എങ്കിലും ജോലി ചെയ്താൽ പിന്നെ ഈ അവധിക്കു അർഹതയില്ല.
(Note: MATERNITY ലീവ് ന് ശേഷം ജോയിൻ ചെയ്യാതെ തന്നെ LWA യില് പ്രവേശിക്കാം.ഇത് LWA ആണെങ്കിൽ കൂടി ഇൻക്രിമെൻ്റ് ഗ്രേഡ് പെൻഷൻ ഇവക്ക് എല്ലാം പരിഗണിക്കും.എന്നാൽ "പ്രൊബേഷൻ" ന് പരിഗണിക്കില്ല. ഇതിനും MC വേണ്ട. MC ഇല്ലെങ്കിലും ഇത് ഇൻക്രിമെൻ്റ് ന് പരിഗണിക്കും. മറ്റു LWA അങ്ങനെ അല്ല.)
പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ ആറ് ആഴ്ചത്തെ അതായത് 42 ദിവസത്തെ അവധി ലഭിക്കും.
ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്ന വനിതകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ 45 ദിവസം അവധി ലഭിക്കും.
വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും സ്ത്രീ ജീവനക്കാർക്ക് 14 ദിവസവും സ്പെഷ്യൽ CASUAL LEAVE ലഭിക്കും. ആദ്യ ശസ്ത്രക്രിയ പരാജയമാണെങ്കിൽ വീണ്ടും ചെയ്യുന്നതിനായി സർവീസിൽ രണ്ടാമത് ഒരുവട്ടം കൂടി ഈ ലീവ് എടുക്കാം.
കടപ്പാട് : സുധീർ KH
PATERNITY LEAVE ( പിത്യത്വാവധി):
ഭാര്യ പ്രസവിക്കുമ്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ.
10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. കേന്ദ്രത്തിൽ ഇത് 15 ദിവസമാണ്. സർവ്വീസിൽ കയറും മുൻപ് പ്രസവം നടന്ന കേസുകളിലും ഈ ലീവെടുക്കാം. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം എന്നു മാത്രം. മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ ഭാര്യയുടെ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം. ഇത് പ്രൊബേഷന് യോഗ്യകാലമായി പരിഗണിക്കുന്ന തരം അവധിയാണ്.
കടപ്പാട് : സുധീർ KH
VII.VISITING ABROAD (PERSONAL PURPOSE)
VIII.SPECIAL CASUAL LEAVE (ORGAN,KIDNEY TRANSPLANTATION,HEART SURGERY,CHEMOTHERAPY or RADIATION))
കാൻസർ ചികിത്സയ്ക്കുള്ള കീമോതെറാപ്പി, റേഡിയേഷൻ എന്നിവയ്ക്ക് 6 മാസം വരെയും,
കിഡ്നി മാറ്റിവയ്ക്കലിന് 45 ദിവസം വരെയും,
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് 45 ദിവസം വരെയും,
ORGAN TRANSPLANTATION & POST TRANSPLANTATION RECOVERY എന്നിവയ്ക്കു വിധേയരാകുന്ന ജീവനക്കാർക്ക് പരമാവധി 90 ദിവസം വരെയും ഒരു കലണ്ടർ വർഷം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. ഇടയ്ക്കുള്ള പൊതു ഒഴിവു ദിനങ്ങൾ ഒഴിവാക്കും, ഒരു വർഷം ഒന്നിൽ കൂടുതൽ തവണകളായി ഈ അവധി എടുക്കാം.
IX.SPECIAL CASUAL LEAVE (ANGIOPLASTY)
ആൻജിയോ പ്ലാസ്റ്റിക്കു വിധേയരാകുന്ന ജീവനക്കാർക്കു 30 ദിവസം വരെ ഒരു കലണ്ടർ വർഷം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. ഇടയ്ക്കുള്ള പൊതു ഒഴിവു ദിനങ്ങൾ ഒഴിവാക്കും, ഒരു വർഷം ഒന്നിൽ കൂടുതൽ തവണകളായി ഈ അവധി എടുക്കാം.
X.SPECIAL CASUAL LEAVE (PHYSICALLY HANDICAPPED EMPLOYEES)
അംഗപരിമതർക്കു (PH) ഒരു വർഷം 15 ദിവസം വരെ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. തവണ കളായും എടുക്കാം. PH വിഭാഗത്തിന് ഏതു കാര്യത്തിനാണോ disability അതിന്റെ ട്രീറ്റ്മെന്റ് സംബന്ധിച്ചുള്ള മെഡിക്കൽ സർട്ടി ഫിക്കേറ്റു ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത ലീവ് ലഭിക്കുകയുള്ളൂ.
XI.SPECIAL CASUAL LEAVE (EMPLOYED PARENTS OF PHYSICALLY AND MENTALLY CHALLENGED CHILDREN)
ശാരിരികമോ, മാനസികമോ പ്രശ്നങ്ങൾ നേരിടുന്ന കുട്ടിയുള്ള ജീവനക്കാർക്ക് ഒരു കലണ്ടർ വർഷം 15 സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും.
15 ൽ കവിയരുത് എന്ന വ്യവസ്ഥയിൽ ഈ അവധി പല പ്രാവശ്യമായി അനുവദിക്കാം.
ഈ സ്പെഷൽ കാഷ്യൽ ലീവിന്റെ ഇടയ്ക്ക് വരുന്ന അവധി ദിനങ്ങൾ ലീവിന്റെ എണ്ണത്തിൽ കൂട്ടില്ല.
കുട്ടിയ ചികിൽസിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അച്ഛനും അമ്മയും സർക്കാർ ജീവനക്കാർ ആണെങ്കിൽ
അവരിൽ ഒരാൾ മാത്രമേ ഈ അവധി എടുത്തിട്ടുള്ളൂ എന്ന സാക്ഷ്യപത്രം വേണം.
No comments:
Post a Comment